District News
തൊടുപുഴ: സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ മറിഞ്ഞുവീണ സ്കൂള്‍ വിദ്യാര്‍ഥിയുടെ തുടയില്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ ഒടിഞ്ഞ് കയറി ഗുരുതര പരിക്ക്. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുതലക്കോടം രണ്ടുപാലം കണ്ടോത്തമാട്ടയില് അനീഷിന്റെ മകന് മുസമല്‍ അനീഷിന്റെ (13) തുടയിലാണ് കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുംവഴി സ്കൂളിനു സമീപമാണ് മുസമല്‍ അപകടത്തില്‍പ്പെട്ടത്.
സൈക്കിള്‍ റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതിനെത്തുടര്‍ന്ന് ഹാന്‍ഡില്‍ ഒടിഞ്ഞ് തുടയില്‍ തുളച്ചു കയറിയ കമ്പി മറുവശത്ത് വന്ന നിലയിലായിരുന്നു. തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് ഇരു വശത്തെയും കമ്പി മുറിച്ചു നീക്കിയത്. എന്നാല്‍ കാലിനുള്ളിലെ കമ്പി നീക്കാനായില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുതലക്കോടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ശസ്ത്രക്രിയ നടത്താതെ കമ്പി പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
District News
അടൂർ: കയറും മുൻപ് ബസ് നീങ്ങിത്തുടങ്ങിയതോടെ പടിയിൽനിന്നു താഴെ വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്.
ബസിന്റെ പടിയിൽനിന്നു വീണാണ് അമ്മയ്ക്ക് പരിക്കേറ്റത്. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൽ താഴെ വീണ മകൾക്കും പരിക്കേൽക്കുകയായിരുന്നു. പന്തളം കുരമ്പാല കുറ്റിയിലയ്യത്ത് പുഷ്പകല(54), മകൾ ആര്യ(24) എന്നിവർക്കാണ് പരിക്കേറ്റത്. പുഷ്പ ലതയ്ക്ക് കാര്യമായ പരുക്കില്ലെങ്കിലും മകൾക്ക് കാലിനു പരിക്കുണ്ട്. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിലുള്ള റോഡിലാണ് കെഎസ്ആർടിസി ബസിൽനിന്ന് ഇരുവരും വീണത്.
ആര്യയാണ് ആദ്യം ബസിൽ കയറിയത്. പിന്നാലെ അമ്മ ബസിന്റെ ആദ്യ പടിയിൽ കയറിയപ്പോഴേക്കും ബസ് വിട്ടു. ഇതോടെ നിയന്ത്രണം തെറ്റിയ പുഷ്പകല പുറത്തേക്ക് വീഴുകയായിരുന്നു. സംഭവംകണ്ട് ആര്യ ബസിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.
International
റിയാദ്: സൗദിക്കുനേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് വയസുകാരൻ ഉൾപ്പടെ പതിനൊന്ന് പേർക്ക് പരിക്കേറ്റു. യെമൻ അതിർത്തിക്ക് സമീപമുള്ള നജ്റാനിലാണ് ആക്രമണമുണ്ടായതെന്ന് സൗദി സൈന്യം വ്യക്തമാക്കി.
മധ്യ-കിഴക്കൻ യെമനിൽ സൈന്യത്തിന് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് സൗദിയിലേക്കും ആക്രമണം വ്യാപിച്ചത്. യെമനിലെ മാരിബ്, ഹദർമൗട്ട് പ്രവിശ്യകളിലെ സർക്കാർ അനുകൂല ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണം.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലെ നജ്റാൻ മേഖലയിലേക്ക് ഹൂതികൾ മിസൈലുകൾ വർഷിച്ചത്.
പരിക്കേറ്റവരിൽ ഏഴ് സൗദി പൗരന്മാരും ഒരു യെമൻ പൗരനും രണ്ട് ഈജിപ്ഷ്യൻ സ്വദേശികളും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെടുമെന്ന് സൗദി സൈനിക വക്താവ് തുർക്കി അൽ-മാലിക് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊഴിഞ്ഞാമ്പാറ: കാളവണ്ടിയോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (24) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വടകരപ്പതി ലാലക്കാട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാളവണ്ടിയോട്ട മത്സരവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വീട്ടിൽനിന്നു കത്തിയുമായി എത്തിയ നെൽസൺ എന്നയാൾ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണു പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഷഫീഖ് ഇന്നലെ പുലർച്ചെ മരിച്ചു.
സിംസൺ മാർട്ടിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ബോധവതിയാണെന്നും സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സൗത്ത് ഡൽഹി സ്വദേശിനിയായ സാക്ഷി എന്ന 21കാരിയായ വിദ്യാർഥിനിയെയാണു മുഖത്തിലും നെഞ്ചിലും കഴുത്തിലും പരിക്കുകളോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
യുവതി നിലവിൽ പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാൻ സാധാരണനിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ പ്രതിഷേധക്കാർക്കുനേരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്ണുകളുപയോഗിച്ചതായി റിപ്പോർട്ടുണ്ട്. പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയുണ്ടകൾ ശരീരത്തിലേറ്റ പാടുകളുമായാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. മുക്കൂട്ടുതറ ഇടകടത്തിയിലുണ്ടായ സംഭവത്തിൽ വാന്തിയിൽ വർക്കി (85), പുറ്റുമണ്ണിൽ ജോസ്, ജോസിന്റെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാനായി പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് കാറിൽ പ്രവേശിക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയത്. തുടർന്ന് റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
Kerala
കായംകുളം: മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതിയുടെ ആക്രമണത്തിൽ വനിതാ എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കായംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
അടിപിടിക്കേസിലെ പ്രതിയായ കായംകുളം സ്വദേശി റൈസൽ (32) ആണ് ആക്രമണം അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്ഐ, എഎസ്ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് നേരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
Kerala
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയാക്രമണത്തില്‍ ക്ഷീരകര്ഷകന് പരിക്കേറ്റു. പഴേരി വീട്ടിക്കുറ്റി ഉന്നതിയിലെ ശശിക്കാണ് (49) ഇടതുകാലിനു പരിക്കേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലോടെ പാല് അളവുകേന്ദ്രത്തിലേക്കു പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
പിന്നില്‍നിന്നു പാഞ്ഞെത്തിയായിരുന്നു കാട്ടാനയുടെ ആക്രമണം. ചിന്നംവിളിച്ച് പാഞ്ഞടുക്കുന്ന ആനയെ കണ്ട് പരിഭ്രമിച്ച ശശി വയലില്‍ വഴുതിവീണു. ഇതിനിടെ, അടുത്തെത്തിയ ആന ശശിയെ തുമ്പിക്കൈക്കു തട്ടി സമീപത്തെ വയലിലേക്കിട്ടു.
പിന്നീട് കൊമ്പുകള്‍കൊണ്ട് കുത്തി. കൊമ്പുകള്ക്കിടയില്പ്പെട്ടതും വളര്‍ത്തുനായ കുരച്ചെത്തിയതുമാണു ശശിക്കു രക്ഷയായത്. നായയെ കണ്ടപ്പോള്‍ ആനയുടെ ശ്രദ്ധ അതിനുനേരേ തിരിഞ്ഞു. നായയുടെ പിന്നാലെ ആന ഓടിയ തക്കത്തിനാണ് ശശി വയലില്‍നിന്ന് എഴുന്നേറ്റ് വീട്ടിലേക്കു മടങ്ങിയത്.
വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ എത്തിയാണ് ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്തു.
International
കാരക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 589 ആയി. 2980 പേർക്കു പരിക്കേറ്റു. 50,000ലെറേ പേരെ കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസിലടക്കം വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു ഭൂകമ്പം നാശം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. 38 സെക്കൻഡിനകം 7.5 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പമുണ്ടായി. ഇതിനുശേഷം 30 തുടർചലനങ്ങളുണ്ടായി.
കരീബിയന്‍ തീരനഗരമായ മെറോണിനു പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. മെറോണ്‍ നഗരത്തിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു വിലയിരുത്തൽ. മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആശങ്ക അറിയിച്ചിരുന്നു.
Kerala
എടക്കര (മലപ്പുറം): കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് കരാര്‍ തൊഴിലാളിക്ക് പരിക്കേറ്റു. വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷന് കരാര്‍ തൊഴിലാളിയായ മൂത്തേടം ബാലംകുളം വടക്കേത്തലയന്‍ ഹംസയുടെ ഭാര്യ സൈനബക്കാണ് (62) പരിക്കേറ്റത്. ഇവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ 2026 തേക്ക് പ്ലാന്റേഷന് പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിലെ തൊഴിലാളിയാണ് സൈനബ. കരാറുകാരന്റെ വാഹനത്തിലാണ് തൊഴിലാളികളെ പ്രവൃത്തിക്കായി വനത്തിലേക്ക് കൊണ്ടുപോകുന്നത്.
ഇന്നലെ ആദ്യ ട്രിപ്പില്‍ വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്ന ഒമ്പത് തൊഴിലാളികള്‍ വനത്തിലേക്ക് പ്രവശിക്കുന്നതിനിടയാണ് എതിരെ വന്ന കുട്ടിയാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി. എന്നാല്‍ സൈനബക്ക് ഓടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആനക്കുട്ടി സൈനബയെ ആക്രമിക്കുകയായിരുന്നു.
കാലുകൊണ്ടുള്ള ചവിട്ടോ, തുമ്പിക്കൈ കൊണ്ടുള്ള അടിയോ ഏറ്റ് സൈനബയുടെ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ ഇവരെ വനം വകുപ്പ് ജീവനക്കാര്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്കിയ ശേഷം സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ വിദഗ്ധ ചികിത്സകളില്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവുള്ളതിനാല്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇവരെ റഫര്‍ ചെയ്യുകയായിരുന്നു.
കോഴിക്കോട് എത്താന്‍ വൈകുമെന്നതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയതിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.
ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അടിയന്തരമായി മുക്കത്തെ ആശുപത്രിയില്‍ സൈനബയെ പ്രവേശിപ്പിച്ചതെന്ന് കരുളായി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്മാന് പറഞ്ഞു. തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായ ഭാഗത്ത് സ്ഥിരമായി ഈ കുട്ടിയാനയെ കാണാറുണ്ടെന്നും ആദ്യമായാണ് ആക്രമണമുണ്ടായതെന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.
Kerala
കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടർ യാത്രികരെ രക്ഷിക്കാൻ ശ്രമിച്ച ബസ് അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചയോടെ കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം.
പാലക്കുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് രണ്ട് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപ്രതീക്ഷിതമായി എത്തുകയായിരുന്നു.
അപകടം ഒഴിവാക്കുന്നതിനായി ബസ് ഡ്രൈവർ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തി തകർന്നെങ്കിലും ബസ് താഴേക്ക് മറിയാതെ നിന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായി. അപകട സമയത്ത് ബസിലെ യാത്രക്കാർക്ക് ബസിനുള്ളിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
ഹൈസ്കൂൾ റോഡിൽ മൈതാനത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്ന നിലയിൽ തുടരുകയാണ്. ഇത് അടിയന്തരമായി പുനർനിർമിക്കാത്ത പക്ഷം ഭാവിയിൽ കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കാമെന്ന ആശങ്ക നാട്ടുകാർ ഉയർത്തുന്നുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ആറ് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ബെർഹാംപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
അടൂർ: പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അടൂർ തെങ്ങമം പൗർണമി ജംഗ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി (75) ക്കാണ് പരിക്കേറ്റത്. വീടിന് സമീപത്തെ പറമ്പിൽ നിൽക്കുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്.
താമരാക്ഷിയുടെ നിലവിളി ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ അവശയായി കിടക്കുകയായിരുന്നു. കാലിനാണ് ഗുരുതരമായി പരിക്കേറ്റ ഇവർ നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
National
മുംബൈ: മാഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
അപകടം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി എന്ന് നാട്ടുകാര്‍ പറയുന്നു. മുഖത്ത് പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ടാങ്കറിന്റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
National
കോൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലെ പാണിഹാട്ടിയിൽ ബോംബ് ആക്രമണത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു.
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടശേഷമായിരുന്നു ബോംബാക്രമണമുണ്ടായത്.
പാണിഹാട്ടിയിലെ സെന്റ് സേവ്യേഴ്സ് ഇന്‍സ്റ്റിറ്റ്യൂഷനു സമീപമായിരുന്നു ആക്രമണമുണ്ടായത്. അക്രമികൾ ബിജെപി പ്രവർത്തകർക്കു നേർക്ക് ബോംബ് എറിയുകയായിരുന്നു.
പരിക്കേറ്റവരെ കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
District News
പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ചക്കിട്ടപാറ തയ്യിൽ സന്തോഷ് മാത്യു (36) ആണ് മരിച്ചത്.
ഏപ്രിൽ 16ന് കടിയങ്ങാട്വച്ച് സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അതീവ ഗുരുതര നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം പിന്നീട് തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്കാരം ഇന്ന് പത്തിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. പിതാവ്: മാത്യു (ജോയി). മാതാവ്: മേരി. ഭാര്യ: ബ്ലെസി പൂതംപാറ കളത്തൂർ കുടുംബാംഗം. മക്കൾ: അന്ന മരിയ ജോൺ, ആഗ്നസ്. സഹോദരങ്ങൾ: ബിന്ദു, പ്രിയ, പ്രിൻസി, സനീഷ്, അഭിലാഷ്.
District News
കണ്ണാടിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
കണ്ണാടിപ്പറമ്പ് ഹൈസ്കൂളിനു സമീപം നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വയപ്ര സ്വദേശി എൻ.കെ. ഗോപാലൻ (79) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നടന്നുപോകവെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഭാര്യ: കെ.കെ. ഇന്ദിര. മക്കൾ: സുമ (കണ്ണൂർ ട്രഷറി), തുഷാര (സിപിഒ, വനിതാസെൽ, കണ്ണൂർ).
മരുമക്കൾ: പി. മധുസൂദനൻ (കണ്ണാടിപ്പറമ്പ്), പരേതനായ രാജേഷ് കുമാർ (ചട്ടുകപ്പാറ). സഹോദരങ്ങൾ: നാരായണൻ, പരേതരായ ജാനകി, ഗോവിന്ദൻ, കുഞ്ഞിരാമൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുല്ലൂപ്പി ശ്മശാനത്തിൽ നടക്കും.
National
ന്യൂഡൽഹി: ഡൽഹിയിലെ ശകർപൂരിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഞ്ജയ് (25) എന്ന യുവാവാണ് ഓട്ടോ ഓടിച്ചിരുന്നത്.
ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന മൂന്ന് തൊഴിലാളികളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് വഹാനങ്ങളും പൂർണമായും തകർന്നു. അപകടത്തിന് തൊട്ടുപിന്നാലെ കാർ ഡ്രൈവറും മറ്റ് യാത്രക്കാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഡൽഹി ഗാന്ധി നഗർ സ്വദേശി കാജൽ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന കാർ ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ധർമ്മപുരി സ്വദേശികളായ വീരമണി (25), പ്രദീപ് (25), മാരി (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന സതീഷ് കുമാറിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൊസൂരിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വേട്ട് രേഖപ്പെടുത്താൻ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
യുവാക്കൾ സഞ്ചരിച്ച കാർ ഉദുമൽപേട്ടിൽ നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.
കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Kerala
ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട വാൻ റോഡിലേക്ക് മറിയുകയായിരുന്നു. വാനിനുള്ളിൽ ഡ്രൈവറെ കൂടാതെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് വശത്ത് നിന്നിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് വാഹനത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
മൂവാറ്റുപുഴ : പി.ഒ ജംഗ്ഷനില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് കാല്നടയാത്രികന് പരിക്ക്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ഹോളി മാഗി പള്ളിയ്ക്ക് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.അപകടത്തില്‍ പരിക്കേറ്റ പോളിനെ(60) മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലായിലെ കോളജില്‍ പഠിക്കുന്ന തമിഴ്നാട് സ്വദേശിയായ ഇരുചക്ര വാഹനയാത്രക്കാരന് വാടകയ്ക്കെടുത്ത വാഹനവുമായി എയര്‍പോര്‍ട്ടില്‍ നിന്നും പാലായിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം.
National
കരൂർ: തമിഴ്നാട്ടിലെ കരൂരിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസിൽ ട്രെയിൻ ഇടിച്ചു. അപകടത്തിൽ 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.
ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്റ് പ്ലാന്റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സിമന്റ് പ്ലാന്റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ഇത് ദക്ഷിണ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
Kerala
പത്തനംതിട്ട: വ്യത്യസ്ത ഇടങ്ങളിലായി കാട്ടുപന്നി ആക്രമണങ്ങളിൽ രണ്ടു പേർക്കും ബൈക്ക് യാത്രികരായ കുടുംബത്തിനും പരിക്കേറ്റു.
തട്ട നന്ദനം ഫാമിലെ ജീവനക്കാരൻ ലാൽ (23), തട്ട വിനു ഭവനിൽ വിജയൻ (74) എന്നിവർക്കാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കർഷകത്തൊഴിലാളി കൂടിയായ ലാൽ ഫാമിൽ നിൽക്കുമ്പോൾ പന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു.
ചെങ്ങറ-പുതുക്കുളം റോഡിൽ ഫാക്ടറിപ്പടിക്കു സമീപം കഴിഞ്ഞദിവസം രാത്രിയാണ് ബൈക്ക് യാത്രികരായ ദന്പതികൾക്കും മകൾക്കും പരിക്കേറ്റത്.
തെക്കുംമല ഐപിസി കർമൽ ചർച്ച് പാസ്റ്റർ ഇലവുംതിട്ട മുട്ടത്തുകോണം പെനിയേൽ ബിനോഷ് നാസം മാത്യു, ഭാര്യ റീന, മകൾ ആമോസ് എന്നിവർക്കാണ് പരിക്കേറ്റത്.
National
തഞ്ചാവൂർ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിക്കിടെ വീണ്ടും അപടകം. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തഞ്ചാവൂരിൽ പാർട്ടി അധ്യക്ഷൻ വിജയ് പങ്കെടുത്ത റാലിക്കിടെയാണ് സംഭവം.
വിജയ്യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടം. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയ പാതയിൽ സെങ്കിപ്പെട്ടിയിൽവച്ചായിരുന്നു അപകടമുണ്ടായത്.
ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് വിഗ്നേഷ് എന്ന യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവിന്റെ കാല് ഒടിയുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ നാൽപതോളം പേരാണ് മരിച്ചത്.
International
ദോഹ: പശ്ചിമേഷ്യൻ യുദ്ധത്തിൽ മലയാളിക്ക് പരിക്ക്. ഖത്തറിലുണ്ടായ ആക്രമണത്തിൽ തൃശൂർ സ്വദേശിക്കാണ് പരിക്കേറ്റ്. ശനിയാഴ്ചയായിരുന്നു സംഭവം.
കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
District News
കൂത്താട്ടുകുളം: എംസി റോഡിൽ ചോരക്കുഴി പാലത്തിനു സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരിക്ക് പരിക്ക്. വാഴൂർ പാലപ്പറമ്പിൽ ഇ.ആർ. ഷാജുമോൾക്കാണ് (34) പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.
കോട്ടയത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കാറാണ് ചോരക്കുഴി പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഷാജുമോളെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം. വാഹനം ഭാഗികമായി തകർന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തന്നെ പോസ്റ്റുകൾ മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ഇവിടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു
Kerala
ഇടുക്കി: വഴിത്തർക്കെത്തെ തുടർന്നുണ്ടായ കൂട്ടയടിയിൽ ഒമ്പതുപേർക്ക് പരിക്ക്. രാജകുമാരി കുമ്പപ്പാറയിലുണ്ടായ സംഭവത്തിൽ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
കുമ്പപ്പാറ മഠത്തിശേരി രാജു, മക്കളായ ടിൻസ്, ടിന്റോ, ഷാജി കൊച്ചുകരോട്ട് എന്നിവർ ചേർന്ന് അയൽവാസികളായ മണപ്പാടം മുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ 16 വയസുള്ള മകൾ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി.
പൊന്നമ്മക്കും സുധക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. അക്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രാജക്കാട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Kerala
എടക്കര: വഴിക്കടവ് നരിവാലമുണ്ടയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നരിവാലമുണ്ട കുറ്റിക്കാട്ടില്‍ കുഞ്ഞന്‍ (65) ആണ് ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. വന്‍ തേനിച്ചകള്‍ കൂട്ടത്തോടെ ആളുകളെ ആക്രമിക്കുകയയായിരുന്നു. മൊടപ്പൊയ്ക സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ശ്രീജേഷ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ സേന ഭാരവാഹി പ്രിയ കണ്ണോത്ത്, ബൈജു വടക്കേക്കര, ബിജു കുന്നത്ത് എന്നിവര്‍ക്കും തേനീച്ചയുടെ ആക്രമണണത്തില്‍ പരിക്കേറ്റു.
ഇവരെ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു. റോഡിലൂടെ നടന്നുപോകുമ്പോഴാണ് കുഞ്ഞന്‍ തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.
മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.
ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.
കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.
സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.
Kerala
പുൽപ്പള്ളി: സ്കൂട്ടർ യാത്രക്കാരന് മുന്നിലേക്ക് കാട്ടുപന്നി കൂറുകേ ചാടിയതിനെതുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്.
ചീയന്പം പരത്തുവയൽ പൗലോസ് (50) നാണ് പരിക്കേറ്റത്. കാട്ടുപന്നി ബൈക്കിന് മുന്നിലേക്ക് ചാടിയപ്പോൾ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിയുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടോടെ ചീയന്പം ചെറിയകുരിശ് അന്‍പത്താറ് റോഡിലായിരുന്നു അപകടം. നാട്ടുകാരാണ് പൗലോസിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പൗലോസ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ സ്കൂട്ടർ ഭാഗികമായി തകർന്നു. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയാഴ്ച കബനിഗിരിയിൽ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
Kerala
മുണ്ടക്കയം: സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രിയിൽ മുണ്ടക്കയം വണ്ടൻപതാലിലുണ്ടായ സംഭവത്തിൽ പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്.സുമേഷിനാണ് (36) പരിക്കേറ്റത്.
സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
District News
കണ്ണൂർ: റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് വൈദ്യുതിവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. കെഎസ്ഇബി മയ്യിൽ സെക്ഷനിലെ ലൈൻമാനായ കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി എം. പ്രകാശനാണ് (53) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടാംമൈലിൽ വച്ചായിരുന്നു സംഭവം.
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്പോൾ കുറുകെ ചാടിയ പന്നിയെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യിൽ മേഖലകളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും കടുത്ത ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
International
മോസ്കോ: റഷ്യൻ യൂണിവേഴ്സിറ്റിയിലുണ്ടായ കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കും രണ്ടു പോലീസുകാർക്കും പരിക്ക്. റഷ്യയിലെ ബഷ്കർത്തോസ്ഥാൻ റിപ്പബ്ലിക് തലസ്ഥാനമായ യുഫാ നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിൽ കത്തിയുമായി പ്രവേശിച്ച കൗമാരക്കാരൻ ഇന്ത്യൻ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. സ്വയം മുറിവുകളേല്പിച്ച അക്രമിയുടെ നില ഗുരുതരമാണ്.
അക്രമിക്ക് നിരോധിത നവനാസി സംഘടനകളുമായി ബന്ധമുള്ളതായി റിപ്പോർട്ടുണ്ട്. മുറിവേറ്റവരുടെ രക്തം കൊണ്ട് ഇയാൾ നാസി ചിഹ്നം വരച്ചതായും പറയുന്നു. പരിക്കേറ്റ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
National
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു.
നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
District News
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് യുവാക്കള്‍ക്കു പരിക്ക്. കളങ്ങര കോട്ടവിരുത്തില്‍ രഞ്ചു, നീരേറ്റുപുറം സ്വദേശി ഉമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അപകടം. കൈയും കാലും ഒടിഞ്ഞ രഞ്ചുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഉമേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ എന്ജിന് ഉള്‍പ്പെടെ തകര്‍ന്നു. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഈ പ്രദേശത്ത് അപകടം നിത്യസംഭവമായി മാറിയിട്ടുണ്ട്. ചെറുതും വലുതുമായി പത്തിലേറെ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
District News
അടൂര്‍: രണ്ട് കാറുകളും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് അഖിലേഷ് (30), കാര്‍ ഡ്രൈവര്‍ അനുരാജ് (34), എന്നിവര്‍ക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ആലപ്പുഴ രാമങ്കരി സ്വദേശികളായ സുബിന് (40), പുളിമൂട്ടില്‍ നിതിന്‍ (40), ജിജോ സണ്ണി (44) എന്നിവര്‍ക്കും പെട്ടിഓട്ടോറിക്ഷാ ഡ്രൈവര്‍ മണക്കാല തുവയൂര്‍ നോര്‍ത്ത് അയണിവിളയില്‍ സുദര്ശനന് (67) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.20ന് മണക്കാല താഴത്തുമണ്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ശാസ്താംകോട്ട ഭാഗത്തുനിന്നെത്തിയ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വാഹനത്തിനൊപ്പം മറ്റൊരു കാറില്‍ എത്തിയതായിരുന്നു മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയും സംഘവും. പെട്ടിഒട്ടോയും ഇതേ ദിശയില്തന്നെയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാര്‍ അടൂരില്‍നിന്നു കടമ്പനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
കോട്ടയം: കറുകച്ചാലിന് സമീപം ചമ്പക്കരയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരം സ്വദേശി സിബി (38) ആണ് മരിച്ചത്. കോഴഞ്ചേരി-കോട്ടയം റൂട്ടിൽ ചമ്പക്കര ആശ്രമം പടിക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്. തോട്ടിലേക്ക് മറിഞ്ഞ കാറിന്റെ വാതിലുകൾ ലോക്കയതോടെ ഓടിക്കൂടിയ നാടുക്കാർ ചില്ല് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്.
തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ട്രാക്കിനു കേടുപാടുണ്ടായി സംഭവത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനു പരിക്കേറ്റു.
സംഭവം അട്ടിമറിയാണെന്നു സംശയമുണ്ട്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 9.50ന് ഖാൻപുർ ഗ്രാമത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്.
ചരക്ക് തീവണ്ടികൾ കടന്നുപോകുന്ന പാളമായിരുന്നു ഇത്. ട്രെയിൻ എൻജിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ മുഖത്താണു പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പറവൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ വച്ചാണ് അപകടം നടന്നത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ സ്വദേശി ശ്രീലാലിനും കുടെയുണ്ടായിരുന്ന കുട്ടിക്കുമാണ് പരിക്കുപറ്റിയത്.
ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ മാര്‍ക്കറ്റില്‍ പച്ചമരുന്ന് വ്യാപാരം നടത്തിവരികയാണ് ശ്രീലാല്‍.
District News
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. കൈപ്പാങ്കണ്ടി ഹമീദ്, അനിയൻ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലി കുത്തി പരിക്കേൽപ്പിച്ചത്. സൂപ്പിയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.
കുത്തേറ്റ ഹമീദിന്റെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂപ്പിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം അലി വാഹനത്തിൽ കടന്നുകളഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ഇതിനു മുന്‍പും അലി വീട് ആക്രമിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
District News
വെള്ളരിക്കുണ്ട്: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ലോഡിംഗ് തൊഴിലാളികൾക്ക് പരിക്ക്. വെള്ളരിക്കുണ്ട് ടൗണിലെ ലോഡിംഗ് തൊഴിലാളികളായ ടി.എൻ. ഗിരീഷ്, ബിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. വെള്ളരിക്കുണ്ട് താലൂക്ക് ജംഗ്ഷനു സമീപത്തുള്ള കടയിൽ നിന്നും ലോഡ് ഇറക്കി തിരികെ നടന്നുവരുമ്പോഴാണ് ഇവരെ പെരുംതേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.
തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ ബൈപാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കാട്ടാക്കട: മൈലോട്ടുമൂഴിയിൽ രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ശാന്ത എന്ന സ്ത്രീയുടെ കൈയ്ക്കു ഗുരുതരമായി പരിക്കേറ്റു. കൈവിരലുകൾ അറ്റുപോകാറായ സ്ഥിതിയിലായിരുന്നു.
ഒരു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇറക്കവും വളവും കൂടിയ റോഡ് ഭാഗമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇറക്കവും വളവും അപകടത്തിന്റെ തീവ്രത കൂട്ടിയതായി പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: നിർത്തിയിട്ട ലോറിക്കു പിന്നിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽഐസി ഓഫീസിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Sports
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പരിക്ക്. ടീം പരിശീലനത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനു പരിക്കേറ്റതായി ക്ലബ് അറിയിച്ചു. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനമായിരുന്നു എംബപ്പെ കാഴ്ചവച്ചത്.
വിവിധ കോമ്പറ്റീഷനുകളിലായി 24 മത്സരങ്ങളില്‍നിന്ന് 29 ഗോള്‍ നേടുകയും അഞ്ച് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. 27കാരനായ താരം ഈ സീസണ് ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ സ്വന്തമാക്കി. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും എംബപ്പെയ്ക്കു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ഞായറാഴ്ച റയൽ ബെറ്റിസിന് എതിരേയാണ്. ഇന്ത്യൻ സമയം രാത്രി 8.45നാണ് മത്സരത്തിന്റെ കിക്കോഫ്. ലീഗിൽ 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 46 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Kerala
കല്‍പ്പറ്റ: കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലുണ്ടായ സംഭവത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി (42) ആണ് പരിക്കേറ്റത്.
തന്റെ കൃഷിയിടത്തിനു കാവൽ നിൽക്കുമ്പോഴാണ് മണിക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മണിയുടെ വാരിയെല്ലുകൾക്കും കാലുകൾക്കും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
District News
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ ഉടുമ്പന്നൂര്‍ ആമിക്കുടിയില് ആലീസ് ജോസഫി(55)നാണ് പരിക്കേറ്റത്. കടാതി ഷാപ്പുംപടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.
മൂവാറ്റുപുഴയില്‍ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആലീസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ആലീസിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ആട് മൂന്ന് ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് പരിക്ക്. ജീപ്പ് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്.
തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംആര്‍ഐ സ്കാനിൽ പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയതോടെ ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു.
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് മൂന്ന് എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് പ്രദർശനത്തിനെത്തും.
Kerala
കോഴിക്കോട്: വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവൻ (52) ആണ് മരിച്ചത്.
ഇരിങ്ങൽ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റെ പരിക്ക് ഗുരുതരമാണ്.
തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.
Kerala
തിരുവനന്തപുരം: സ്കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്കും കാർ ഡ്രൈവർക്കും പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലിന് കഴക്കൂട്ടത്തുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ മേനംകുളം സ്വദേശി അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. കഴക്കൂട്ടം സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ബസ് കാറിനെ ഇടിച്ചശേഷം ഏറെ ദൂരം നിരങ്ങിപ്പോയശേഷമാണ് നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴക്കൂട്ടം പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോട്ടയം: സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം നേതാവുമായ സ്റ്റീഫൻ ജോർജിന് പരിക്ക്. കടുത്തുരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിർത്തി റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാറുമായി ബസ് 200 മീറ്ററോളം മുന്നോട്ടുപോയി. സംഭവത്തിനുശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
National
അഹമ്മദാബാദ്: റൈസിൻ ഭീകരാക്രമണ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രതി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്. അഹമ്മദാബാദിലെ അതീവ സുരക്ഷയുള്ള സബർമതി സെൻട്രൽ ജയിലിൽ മൂന്ന് വിചാരണ തടവുകാരുമായാണ് ഇയാൾ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. സയ്യിദിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ചില അജ്ഞാതമായ കാരണങ്ങളാൽ, സയ്യിദും മറ്റ് മൂന്ന് തടവുകാരും തമ്മിൽ ഒരു വഴക്കുണ്ടായി. പരിക്കേറ്റ സയ്യിദിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടർന്ന് ജയിലിലേക്ക് തിരികെ കൊണ്ടുവന്നു'.-അഗർവാൾ അറിയിച്ചു.
ഹൈദരാബാദ് നിവാസിയായ സയ്യിദ്, ആയുധങ്ങളും റൈസിൻ എന്ന മാരക വിഷവും ഉപയോഗിച്ച് വലിയ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നു. സയ്യിദ് ഉൾപ്പടെ മൂന്നുപേരെ നവംബർ എട്ടിന് ഗുജറാത്ത് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ, ഹൈദരാബാദിലെ സയ്യിദിന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചറിയാത്ത രാസവസ്തുക്കളും അസംസ്കൃത വസ്തുക്കളും എടിഎസ് പിടിച്ചെടുത്തു.